03:25pm 21 September 2026
NEWS
ശിവപ്രസാദ് കൊലക്കേസിൽ ബിജെപി എം എൽ എയ്‌ക്ക് ഉപാധികളോട് ജാമ്യം.
14/03/2026  11:31 AM IST
വിഷ്ണുമംഗലം കുമാർ
ശിവപ്രസാദ് കൊലക്കേസിൽ ബിജെപി എം എൽ എയ്‌ക്ക് ഉപാധികളോട് ജാമ്യം

 ബംഗളുരു: ശിവപ്രസാദ് കൊലക്കേസിൽ പ്രതിയായ ബിജെപി എം എൽ എ ബൈരതി ബസവരാജിന് ജനപ്രതിനിധികളുടെ പ്രത്യേക കോടതി ഉപാധികളോട് ജാമ്യം അനുവദിച്ചു. കേസ്സിൽ അഞ്ചാം പ്രതിയായ, മുൻമന്ത്രി കൂടിയായ ബസവരാജിന്റെ മുൻ‌കൂർ ജാമ്യഹരജി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് കഴിഞ്ഞ മാസം 12 ന് അറസ്റ്റിലായത്. റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനായ ശിവപ്രസാദ് എന്ന ബിക്ക്‌ലു ശിവ കഴിഞ്ഞ വർഷം ജൂലൈ 15നാണ് വീടിന് സമീപം വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഒരു ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലി ബസവരാജിന്റെ സഹായികളും ശിവപ്രസാദും തമ്മിൽ തർക്കമുണ്ടായിരുന്നു. ബസവരാജിന്റെ സഹായികളാണ് മകനെ കൊലപ്പെടുത്തിയതെന്ന് ദുരന്തത്തിന് ദൃക് സാക്ഷിയായ ശിവപ്രസാദിന്റെ അമ്മ പോലീസിൽ പരാതി നൽകിയിരുന്നു. കോൺഗ്രസ്സിൽ നിന്നും ബിജെപിയിലെത്തിയ പ്രമുഖ നേതാവാണ് ബൈരതി ബസവരാജ്. യഡിയൂരപ്പയുടെയും ബസവരാജ് ബൊമ്മായുടെയും മന്ത്രിസഭകളിൽ അംഗമായിരുന്നു. ബംഗളുരു കൃഷ്ണരാജപുരയിൽ നിന്നുള്ള എം എൽ എയാണ്. നഗരത്തിലെ മലയാളി സമൂഹവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്. മാസത്തിൽ എല്ലാ രണ്ടാം ഞായറാഴ്ചയും അന്വേഷനോദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകണം, പ്രോസിക്യൂഷൻ സാക്ഷികളെ സ്വാധീനിക്കരുത്, കോടതിയുടെ അധികാരപരിധി വിട്ട് പുറത്തുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കേസ് സി ഐ ഡി യ്‌ക്ക് വിട്ട ഗവണ്മെന്റ് ചേർത്ത കർണാടക കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈംസ് ആക്ടിലെ വകുപ്പുകൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img